അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ ചുമതല: മുഖ്യമന്ത്രി

Share

സാമൂഹികപുരോഗതിയേയും ഐക്യത്തേയും ദുർബലപ്പെടുത്താനുള്ള സംഘടിതമായ ശ്രമങ്ങൾ നടക്കുമ്പോൾ അതിനെ ചെറുക്കേണ്ടത് സമഗ്ര വികസനത്തിന് പരമപ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജൻമദിനത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവർഗ്ഗ വികസനവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ മുഖ്യ അതിഥി ആയിരുന്നു. രാഷ്ട്രപിതാവിന്റെ ജൻമദിനാചരണത്തിലൂടെ സമഗ്രമായ വികസനത്തെക്കുറിച്ചും സാമൂഹിക പുരോഗതിയെക്കുറിച്ചുമുള്ള ചർച്ചകൾ സംഘടിപ്പിക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിലൂടെയുള്ള ശ്രമമാണ് നാം നടത്തുന്നത്. അതിനേറ്റവും ഉചിതമായ സന്ദർഭം ‘നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ സൗന്ദര്യം’ എന്നു പറഞ്ഞ മഹാത്മാവിന്റെ ജൻമദിനം തന്നെയാണ്- മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനവിഭാഗങ്ങൾക്കു വേണ്ട പദ്ധതികൾ നടപ്പാക്കുകയെന്ന കേവലദൗത്യം മാത്രമല്ല സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. പൊതുവിഭവങ്ങളിൽ നീതിയുക്തമായി അവർക്കവകാശപ്പെട്ട ഓഹരി ഉറപ്പുവരുത്തുക കൂടിയാണ്. ആ നിലയ്ക്കുള്ള സവിശേഷമായ ഇടപെടൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ ഉണ്ടായി.
സുതാര്യവും കാര്യക്ഷമവും ആയ ഇടപെടലുകളിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കായി ആവിഷ്‌കരിക്കുന്ന പദ്ധതികൾ യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിക്കാൻ നിരന്തരമായ ശ്രമങ്ങൾ സർക്കാർ നടത്തി വരുന്നു.
പട്ടികജാതി വിഭാഗങ്ങളുടെ നിലവിലുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ പഠനം നടത്തുന്നതിനും, വിവരം ശേഖരിക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൂമായി വിവരശേഖരണ സർവ്വേ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആരംഭം കുറിക്കും.
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകൾക്കു കീഴിലുള്ള ഐ.ടി.ഐ കളുടെ നവീകരണവും ഇതോടൊപ്പം ആരംഭിക്കും.
പട്ടികവർഗ്ഗത്തിലെ ദുർബല വിഭാഗത്തിൽ നിന്നും വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മികച്ച സിവിൽ സർവ്വീസ് പരിശീലന കേന്ദ്രങ്ങളിൽ എത്തിച്ച് പരീക്ഷക്കായി സജ്ജമാക്കാൻ ആവശ്യമായ പദ്ധതി ആരംഭിക്കും. യുണിസെഫ് നിഷ്‌കർഷിക്കുന്ന നിലവാരത്തിലേക്ക് പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകളെ ഉയർത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം.ജി രാജമാണിക്യം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ റ്റി.വി അനുപമ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *